ആമുഖം
ത്യാഗധനനായ സ്വാത്രന്ത്യസമര സേനാനി, ഉത്തമമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച കമ്മ്യൂണിസ്റ്റ് നേതാവ്, നിയമ സഭാ സാമാജികന്, പത്രാധിപര്‍, എഴുത്തുകാരന്, വാഗ്മി, തുടങ്ങി ജീവിതത്തിന്റെ വ്യത്യസ്ഥ മേഖലയില്‍ അനുപമ വ്യക്തി മുദ്ര പതിപ്പിച്ച ധീര ദേശാഭിമാനിയും മനുഷ്യസ്നേഹിയുമായിരുന്നു ഇ.ഗോപാലകൃഷ്ണഷ്ണമേനോന്.
മതേതര ജനാധിപത്യ വ്യവസ്ഥിതിയിലേക്കുള്ള കേരളീയ ജനതയുടെ മുന്നേറ്റ പ്രക്രിയയില്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തോടൊപ്പം ഇ.ഗോപാലകൃഷ്ണമേനോന്‍ വഹിച്ച പങ്ക് അളവറ്റതാണ്. കൊടുങ്ങല്ലൂരിന്റെ മണ്ണില്‍ ചുവപ്പന്‍ ചരിത്രഗാഥ രചിച്ചതിലും അതുല്യപ്രേരണാശക്തിയാണ് ഇ.ഗോപാലകൃഷ്ണമേനോന്‍.
ഇന്ത്യയുടെ ചരിത്ര ത്തില്‍ നൂതന അദ്ധ്യായം രചിച്ച രാഷ്ട്രീയ സംഭവമാണ് ഇ.ഗോപാല കൃഷ്ണമേനോന്റെ 1949 ലെ തെരഞ്ഞെടുപ്പ് വിജയം. പ്രായപൂര്‍ത്തി വോട്ടവകാശത്തില്‍ നടന്ന തെരഞ്ഞെടുപ്പില്‍ വിജയിച്ച പ്രഥമ കമ്മ്യൂണിസ്റ്റ് എം.എല്‍.എ ആണ് ഇ.ഗോപാല കൃഷ്ണമേനോന്.
അദ്ദേഹത്തിന്റെ നിയമസഭാ പ്രസംഗങ്ങളൊക്കെ ഉന്നതനിലവാരം പുലര്‍ത്തുന്നതും പ്രതിപക്ഷത്തിന്റെ പ്രശംസം പിടിച്ചു പറ്റുന്നതുമായിരുന്നു.1951 മാര്‍ച്ച് 16 ന് നടത്തിയ കന്നി നിയമസഭാ പ്രസംഗം ചരിത്ര പ്രസിദ്ധമാണ്.കേരള സംസ്ഥാനം രൂപീകൃതമായതിനുശേഷം 1957 ല്‍ അധികാരത്തില്‍ വന്ന കമ്മ്യൂണിസ്റ്റ് മന്ത്രിസഭയുടെ ജനാധിപത്യപരമായ അധികാര പ്രവേശനത്തിന് ഇ.ഗോപാല കൃഷ്ണമേനോന്റെ ആദ്യ തെരഞ്ഞെടുപ്പ് വിജയം പ്രചോദനപരമായ കളമൊരുക്കല്‍ നടത്തിയിട്ടുണ്ട് .
സംഭവ ബഹുലമായ പൊതുജീവിതത്തിനുടമയായിരുന്നു ഗോപാലകൃഷ്ണമേനോന്‍. കര്‍ഷകനേതാവ്, സമാദാരണീയനായ പാര്ലമെന്റെറിയന്, ലേഖകന്‍, കറ പുരളാത്ത പൊതുപ്രവർത്തകൻ , സര്‍വോപരി സാത്വികനായ കമ്മ്യൂണിസ്റ്റ് നേതാവ് എന്നീ നിലകളില്‍ ശോഭിക്കുകയും ചെയ്തു.